സഹയാത്രിക

സ്ത്രീകളുടെ അവകാശങ്ങളെ പരിഗണിക്കാന്‍ മടിക്കുന്ന ഒരു അലിഖിത സാമൂഹിക ഘടനക്കുള്ളിലാണു നാം  ജീവിക്കുന്നത്. സ്ത്രീകളുടെ ജീവിത സ്വത്വ ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ചും അവരുടെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായി പഠിക്കുകയും, അവയെ മനുഷ്യാവകാശങ്ങളുടെ ഭാഗമായിക്കണ്ട് മാനിക്കുകയും അവരുടെ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന ഒരു സ്വതന്ത്ര സംഘടനയാണ് സഹയാത്രിക.

ഒരു ദശാബ്ദം മുന്‍പ് ഒരു സംഘം സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യത്യസ്ത സാമൂഹിക സാമ്പത്തിക തൊഴില്‍ മേഖലയില്‍ നിന്നുള്ള സ്വവര്‍ഗ പ്രണയിനികളായ സ്ത്രീകളുടെയും പങ്കാളികളുടെയും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളെകുറിച്ച് നടത്തിയ വസ്തുത പഠനത്തിന്റെയും ഈ മേഖലയിലെ ഇതരചെറു ഗവേഷണങ്ങളുടെയും ഭാഗമായാണ് സഹയാത്രിക എന്ന സംഘടനയുടെ ആശയം ഉടലെടുത്തത്. ഇത്തരം വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ ദൈനംദിന ജീവിതത്തിലും പൊതുഇടത്തിലും സ്വകാര്യ ഇടത്തിലും നേരിടുന്ന പ്രത്യക്ഷവും പരോക്ഷവും സൂക്ഷമവും തീവ്രവുമായ മനുഷ്യാവകാശ ലംഘനങ്ങളെ തിരിച്ചറിയുകയും അതിനെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നതായി ഒരു സ്വതന്ത്രകൂട്ടായ്മ എന്ന ആശയം ആയിരുന്നു സഹയാത്രിക സൃഷ്ടിച്ചത്.

ഇന്നു കേരളത്തില്‍ നിലവിലുള്ള വ്യവസ്ഥാപിതമായ ലൈംഗികതയില്‍ നിന്നു വ്യത്യസ്തമായി ജീവിക്കുന്ന സ്വവര്‍ഗ്ഗപ്രണയിനിക്കിടയിലും ഉഭയലൈംഗികത ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കിടയിലും മറ്റ് ലിംഗപദവികളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തിക്കുക. അവര്‍ക്ക് സാമൂഹ്യനീതിയും അന്തസ്സുള്ള  സാമൂഹികജീവിതവും  ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് സഹയാത്രികയുടെ മുഖ്യലക്ഷ്യം.

No comments:

Post a Comment