Saturday 27 June 2015

ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര

ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര
ജൂലൈ 11നു വൈകീട്ട് 3 മണിക്ക്
മാനവീയം വീഥി മുതല്‍ ഹസ്സന്‍ മരയ്ക്കാര്‍ ഹാള്‍ വരെ...






സുഹൃത്തുക്കളെ,
വിമത ലൈംഗികത ഉയർത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കേരളം ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലായ് മാസത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയർ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങി വച്ചത്. എന്നാൽ ക്വിയർ പ്രൈഡ് ആഘോഷങ്ങൾ ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം ബഹുമാനപ്പെട്ട ഡെല്‍ഹി ഹൈക്കോടതി നടത്തിയ പുനർവായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്ഥാവനയ്ക്കെതിരായ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമതലൈംഗികതയെറിച്ചും സ്വവർഗ്ഗ പ്രണയിതാക്കളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അനുഭവിച്ഛുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളും പുറം ലോകത്തോട് പറയാനും ഞങ്ങളുടെ സ്വയം നിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരവസരമായും ഞങ്ങൾ കണക്കാക്കുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വന്തം ലൈംഗികതയെക്കുരിച്ഛും ലിംഗ സ്വത്വത്തെക്കുറിച്ചും തുറന്നു പറയാൻ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ജനാധിപത്യവിശ്വാസികളായ മുഴുവൻ വ്യക്തികളും സംഘടനകളും വിദ്യാര്‍ത്ഥി സമൂഹവും മാധ്യമ പ്രസ്ഥാനങ്ങളും ചലച്ചിത്ര കൂട്ടായ്മകളും കലാ സാംസ്കാരിക മനുഷ്യാവകാശ പാരിസ്തിതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഗവണ്മെന്റ് ഗവണ്മെന്റിതര സംഘടനകളും കൂട്ടായ്മകളും ലിംഗ ലൈംഗിക വ്യത്യസ്തതകളുടെ രാഷ്ട്രീയം വിളിച്ചോതുന്ന ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാവുവാൻ ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്ല്യ സാമൂഹിക പദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥ വിദ്യരെന്നവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവര്ഗ്ഗ പ്രണയവുമായി ബന്ധപ്പെട്ട്ട് കേരളത്തിന്‌ പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമ നിര്മ്മാണ നിർവ്വഹണ വിഭാഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്ല്യമാണ്. മറ്റ് രാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ സമുദായാംഗങ്ങൾക്കും സ്വവര്ഗ്ഗ പ്രണയിതാക്കൾക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങൾക്കും സുഹ്രുത്തുക്കൾക്കും നമ്മുക്ക് നല്കാൻ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിർമ്മിച്ച സംവിധാനങ്ങൾക്കുള്ളിൽ നിൽക്കാത്ത, ആണത്തത്തിന്റെയും സ്ത്രീത്വത്തിന്റെയും ലക്ഷണശാസ്ത്രത്തിൽ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും ഭ്രാന്താശുപത്രികളിലും തളയ്ക്കാൻ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങൾക്കെതിരായ കടന്നു കയറ്റം തന്നെയല്ലേ? സ്വവര്ഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും സ്വവര്‍ഗ്ഗപ്രണയത്തോടും പ്രണയിതാക്കളോടുമുള്ള അസാധാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശ നിഷേധം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആണും പെണ്ണും പോലെ , ആണും ആണും, പെണ്ണും പെണ്ണുമെല്ലാം പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണ ചിറകുകളുമായി പറക്കട്ടെ. സ്വതന്ത്രമായ ലൈംഗികതയുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ.

ഇത് നിലനില്പ്പിന്റെ ശരീരങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാണ്...വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതി...
സാഭിമാനം...

സുഹ്രുത്തുക്കളോടൊപ്പം പങ്കുചേരുമല്ലോ.

ആശംസകളോടെ
ക്വിയര്‍ പ്രൈഡ് കേരളം പ്രവർത്തകർ

കൂടുതൽ വിവരങ്ങൾക്ക്:
ക്വിയര്‍ പ്രൈഡ് കേരളം
18 / 248, നില, എം എസ് ബിൽഡിങ്ങിനു പുറകുവശം
നേതാജി റോഡ്‌, പൂത്തോൾ. തൃശ്ശൂർ- 4
ഫോണ്‍: 9744955866, 9809477058,
ഇമെയിൽ: queerpridekerala@gmail.com.

Annual Report

Sahayatrika Annual Report 2014-2015

Monday 9 June 2014

അഞ്ചാമത് ക്വിയർ പ്രൈഡ് കേരളം - സംഘാടക സമിതി യോഗം

സുഹൃത്തെ,
ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആശംസകള്‍!!!
ഞ്ചാമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കട്ടെ. ലൈംഗികന്യൂനപക്ഷങ്ങള്‍ക്കിടയില് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടേയും കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരുപാട് വ്യക്തികളുടെയും സംഘടനകളുടെയും  പ്രയത്നമാണ്  2010 മുതല്‍ കേരളത്തിൽ സംഘടിപ്പിച്ചുപോരുന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചും അനുബന്ധ പരിപാടികളും. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമം 377ഴാം വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും മറ്റെല്ലാവരേയും പോലെ ആഘോഷിക്കാനും വേണ്ടിയായിരുന്നു നാം ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. ഒട്ടനവധി ജീവിതങ്ങളെ മാറ്റി മറിച്ച ആ വിധി നമ്മെ സംബന്ധിച്ച് വളരെ പ്രസക്തവും മറക്കാനാവാത്തതുമാണ്.


ന്നാല്‍ ഡെല്‍ഹി ഹൈക്കോടതിയുടെ സുപ്രധാനമായ ആ വിധി അസാധുവാക്കിക്കൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധി കല്‍പ്പിച്ചപ്പോള്‍ ഇന്ത്യയിലെ ലക്ഷോപലക്ഷം വരുന്ന സമുദായാംഗങ്ങള്‍ ഇന്ന് അതിജീവനത്തിനായുള്ള സമര വീഥിയിലാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്നും അവര്‍ക്ക് പ്രത്യേക പരിഗണനയും നിയമ പരിരക്ഷയും നല്‍കണമെന്നും കോടതി പറഞ്ഞെങ്കിലും സുപ്രീം കോടതിയുടെ ഈ വിധി നാം നേടിയെടുത്തുവെന്നു കരുതിയിരുന്ന പലതും നമ്മില്‍ നിന്നപഹരിച്ചു.  ഇന്ത്യയിലെ നൂറുകണക്കിനു സംഘടനകളും ആയിരക്കണക്കിന് വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ലൈംഗിക ന്യൂനപക്ഷാവകാശങ്ങള്‍ക്കായി നിരന്തരം നിയമത്തോടും ഭരണകൂടത്തോടും കപട സദാചാര വാദികളായ രാഷ്ട്രീയക്കാരോടും അവരുടെ അണികളോടും മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഇവിടെ നമ്മുടെ സാന്നിദ്ധ്യം ശക്തമായിത്തന്നെ വിളിച്ചു പറയുകയും നമ്മുടെ ജീവിതങ്ങളേയും അവകാശങ്ങളേയും കുറിച്ച് ചുറ്റുമുള്ള സമൂഹത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. 

യതിനാല്‍ അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാനായുള്ള സ്വാഗതസംഘ യോഗത്തിലേക്ക് താങ്കളും സംഘടനയുടെ ഭാരവാഹികളും എത്തിച്ചേരണമെന്നു താല്‍പ്പര്യപ്പെടുകയാണ്.  സംഘാടക സമിതി യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

  
അഞ്ചാമത് ക്വിയർ പ്രൈഡ് കേരളം - സംഘാടക സമിതി യോഗം 
തിയ്യതി: 07 ജൂണ്‍ 2014, ശനിയാഴ്ച്ച, വൈകീട്ട് 3 മണി.
സ്ഥലം : KSEB ഹാൾ, എറണാകുളം പബ്ലിക് ലൈബ്രറിക്കു സമീപം,
കോണ്‍വന്റ് റോഡ്‌, എറണാകുളം.
(വഴി അറിയുന്നതിനായി താഴെക്കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്: ജിജോ: 9745186466)
ലൈംഗികതയുടേയും ലിംഗപദവിയുടേയും അടിസ്ഥാനത്തിലുള്ള വിവേചനമില്ലാത്ത ഒരു നല്ല നാളേക്കായി വ്യത്യസ്തതകളെ പുല്‍കുന്ന രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുവാനും  അത് പൊതു സമൂഹത്തിലേക്കെത്തിക്കാനും ആഘോഷിക്കുവാനും നമ്മുക്ക് വീണ്ടും ഒന്നിച്ചു ചേരാം.  ക്വിയര്‍ പ്രൈഡ് സംഘാടനത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ള / പരിപാടികളോട് ഏതെങ്കിലും തരത്തില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും ആദ്യ സംഘാടക സമിതി യോഗത്തിലേക്ക് ക്ഷണിക്കുമല്ലോ. സജീവ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ട്

വിശ്വസ്തതയോടെ  
ക്വിയര്‍ പ്രൈഡ് കേരളം ഗ്രൂപ്പിന് വേണ്ടി
ശരത് ചേലൂര്‍
9809477058

Monday 10 March 2014

സഹയാത്രിക സുഹൃദ്ശൃംഖല രൂപീകരിച്ചു.

 
സഹയാത്രികയുടെ പുതിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ  ശബ്ദമുയര്‍ത്തുന്നതിനും  സമുദായാംഗങ്ങള്‍ക്ക്  കേരളത്തിലെവിടേയും തന്റെ ലൈംഗിക സ്വത്വത്തിലുറച്ചു നിന്നുകൊണ്ട് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സാമൂഹിക സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിനുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2014 മാർച്ച് 9 നു സുഹൃദ്ശൃംഖല രൂപീകരിച്ചു.  തൃശ്ശൂര്‍ പാലസ് റോഡിലുള്ള ഭാരത് സ്കൗട്ട്സ് എന്റ് ഗൈഡ്സ് ഹാളില്‍ മാര്‍ച്ച് 9 രാവിലെ 11 മണിക്ക് നടന്ന യോഗത്തിനു സഹയാത്രിക മാനേജിങ്ങ് ട്രസ്റ്റി ദീപ വാസുദേവന്‍ സ്വാഗതം പറഞ്ഞു. 

സഹയാത്രിക പ്രോഗ്രാം കോഡിനേറ്റര്‍ ബീന അനീഷ് സഹയാത്രികയെക്കുറിച്ചും സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും  സമുദായാംഗങ്ങള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് സുഹൃദ് ശൃംഖല രൂപീകരിക്കേണ്ട ആവശ്യകതയിലേക്കും ചര്‍ച്ചയുണ്ടായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് ചേലൂര്‍ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്തു. സി ആര്‍ നീലകണ്ടന്‍, കെ സി സന്തോഷ് കുമാര്‍, അന്‍ഷിഫ് മജീദ്, ജിജോ, അഡ്വ. ജേക്കബ് പുതുശ്ശേരി, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍  എറണാകുളം മലപ്പുറം ജില്ലകളില്‍ നിന്നായി ഏകദേശം 50 ഓളം പ്രതിനിധികള്‍ സുഹൃദ്ശൃംഖല രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

Friday 7 March 2014

'അനുരാഗം അപരാധമല്ല' സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 പിൻ വലിക്കുക

സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന 2013 ഡിസംബര്‍ 11ലെ സുപ്രീംകോടതി വിധിയില്‍ തങ്ങള്‍ക്കുണ്ടായ ആകസ്മികാഘാതം കേരളത്തിലെ വിവിധ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും ലൈംഗികത പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയസമര കൂട്ടായ്മകളും സാഹിത്യ-സാംസ്‌കാരിക വ്യക്തിത്വങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു. കോടതിവിധി ബുദ്ധിശൂന്യവും ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളോട് സഹിഷ്ണുതയോ സ്വീകാര്യതയോ പുലര്‍ത്താത്തതും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മനുഷ്യാവകാശ തത്വങ്ങളെ ഉല്ലംഘിക്കുന്നതുമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ഉള്‍പ്പെടെയുള്ള ലൈംഗികചര്യകള്‍ പ്രകൃതിവിരുദ്ധമാണെന്ന് മുദ്രകുത്തി ക്രിമിനല്‍കുറ്റമാക്കുന്ന ഐ.പി.സി സെക്ഷന്‍ 377 എന്ന നിര്‍ദ്ദയ നിയമം 1861ല്‍ ബ്രിട്ടീഷുകാരാല്‍ ആദ്യം നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ. ഉഭയസമ്മത പ്രകാരമുള്ള പ്രായപൂര്‍ത്തിയായവരുടെ ലൈംഗികാവകാശങ്ങളെ നിഷേധിക്കുകയും സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുകയും ചെയ്തുകൊണ്ട് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ ഈ നിയമത്തിലൂടെ ഉദ്ദേശിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് ഐ.പി.സി സെക്ഷന്‍ 377 ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലായ് 2ന് ദില്ലി ഹൈക്കോടതി വിധിച്ചു. എന്നാല്‍ അതിനെ റദ്ദുചെയ്തുകൊണ്ട് അടുത്തിടെ വന്ന സുപ്രീംകോടതി വിധി, സ്വവര്‍ഗ്ഗരതിക്ക് നിയമപരിരക്ഷ നല്‍കുന്നതിനായി ലോകമെമ്പാടും നടക്കുന്ന ശ്രമങ്ങളെ അവഗണിച്ചുകൊണ്ട് ചരിത്രഗതിയെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്.
സ്വവര്‍ഗ്ഗാനുരാഗികളുടെയും ട്രാന്‍സ്ജണ്ടേഴ്‌സിന്റെയും ബൈസെക്ഷ്വല്‍സിന്റെയും മനുഷ്യാവകാശങ്ങളെ ഐ.പി.സി സെക്ഷന്‍ 377ന്റെ പിന്‍ബലത്താല്‍ ഇന്ത്യന്‍ പോലീസ് സംവിധാനം നാളുകളായി കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രകൃതിവിരുദ്ധം എന്ന സദാചാരപരമായ പദപ്രയോഗത്തിലൂടെ എതിര്‍വര്‍ഗ്ഗ ലൈംഗികരുടെ ലൈംഗികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ സദാചാര പ്രമാണങ്ങളെ ന്യൂനപക്ഷ ജനതതിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ശരിയല്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍, ക്ഷേത്രങ്ങളിലും വാസ്തുവിദ്യയിലും ശില്പ-ചിത്രകലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം പ്രാചീനകാലം മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഔന്നത്യം ലഭിച്ചിരുന്നതായി കാണാന്‍ കഴിയും. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന സ്വവര്‍ഗ്ഗേതര ലൈംഗിക വിഭാഗങ്ങളിലുള്ളവര്‍ ട്രാന്‍സ്ജണ്ടേഴ്‌സിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങുകള്‍ പോലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വര്‍ഗ്ഗീയമായ സദാചാര ബോധത്തില്‍ ഊന്നുന്ന സുപ്രീംകോടതി വിധി ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അഗാധമായ അജ്ഞത പുലര്‍ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 21,14,15 (ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വതന്ത്ര്യത്തിനുള്ള അവകാശം, നിയമതുല്യതയ്ക്കും വിവേചനത്തെ തടയുന്നതിനുമുള്ള അവകാശം) എന്നിവയെ നഗ്നമായി ലംഘിക്കുന്നതുമാണ്. വര്‍ഗ്ഗീയതയും ആഗോളീകരണവും വഴി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തെ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൈകടത്താന്‍ അനുവാദം നല്‍കുന്ന ഈ സുപ്രീംകോടതി വിധി കൂടുതല്‍ കലുഷിതമാക്കിയിരിക്കുന്നു.
ഈ വിധി, സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും  ട്രാന്‍സ്ജണ്ടേഴ്‌സിനും ബൈസെക്ഷ്വല്‍സിനും നേര്‍ക്കുള്ള പോലീസ് സംവിധാനത്തിന്റെ അധികാര ദുര്‍വിനിയോഗത്തെ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മാത്രമല്ല, എതിര്‍വര്‍ഗ്ഗ ലൈംഗികതയെ അടിസ്ഥാനമാക്കിയ നിലവിലെ വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതിലൂടെ സൃഷിടിക്കപ്പെടുന്ന ഇരട്ടത്താപ്പിനെ അതിജീവിക്കാനാകാതെ സ്വവര്‍ഗ്ഗാനുരാഗികള്‍  ആത്മഹത്യയിലേക്കും മാനസിക വിഭ്രാന്തിയിലേക്കും വഴുതിവീഴുന്നതിന് സാഹചര്യമൊരുങ്ങുമെന്നും ഞങ്ങള്‍ കരുതുന്നു.

സ്വവര്‍ഗ്ഗ ലൈംഗികത അസാന്മാര്‍ഗ്ഗികമോ പ്രകൃതിവിരുദ്ധമോ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അത് ഒരു പാപമോ വിലക്ഷണമോ അല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണഹേതുവാകുന്ന ബഹുഭൂരിപക്ഷത്തിന്റെ സദാചാര സംഹിതകളുടെ അടിച്ചേല്‍പ്പിക്കലാണ് അസാന്മാര്‍ഗ്ഗികവും അധാര്‍മ്മികവും വിലക്ഷണവും പ്രകൃതിവിരുദ്ധവുമായി ഞങ്ങള്‍ കരുതുന്നത്. അതിനാല്‍, നീതിയിലും സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും മൈത്രിയിലും സ്‌നേഹത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന എല്ലാവരോടും ഈ അനീതിക്കെതിരെ ശബ്ദിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും ചില മതമൗലികവാദ സംഘടനകളും ഏതാനും പിന്തിരപ്പന്‍ രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്ന് ലക്ഷക്കണക്കിനാളുകളുടെ ലൈംഗീകാവകാശങ്ങളെ നിഷേധിക്കാന്‍ ശ്രമം നടത്തുന്ന ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജണ്ടേഴ്‌സിനും ബൈസെക്ഷ്വല്‍സിനും പരമാവധി പിന്തുണ നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുഹൃത്തുകളിലേക്കും കുടുംബാംഗങ്ങളിലേക്കും സംഘടനകളിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ഈ സന്ദേശം നിങ്ങളാല്‍ കഴിയുംവിധം എത്തിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
എന്ന്,

ഐ.പി.സി  377 ന് എതിരായ ജനകീയ സമിതി
ബന്ധങ്ങള്‍ക്ക്: 9809477058, 9744955866

ഒപ്പുവയ്ക്കുന്ന സംഘടനകള്‍
1. സഹയാത്രിക ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്, തൃശൂര്‍
2. സംഗമ, ബാംഗ്ലൂര്‍
3. വോയിസ് പെഹ്ച്ചാന്‍, തൃശൂര്‍
4. വിബ്ജിയോര്‍ ഫിലിം കളക്ടീവ്, തൃശൂര്‍
5. ദേശ് സുരക്ഷ പ്രോജക്ട്, തൃശൂര്‍
6. ഗാര്‍ഗി വിമന്‍സ് കളക്ടീവ്, തൃശൂര്‍
7. മായ, തൃശൂര്‍
8. ഗയ്യ, തൃശൂര്‍
9. നവചിത്ര ഫിലിം സൊസൈറ്റി, തൃശൂര്‍
10. ജനനീതി, തൃശൂര്‍
11. യൂത്ത് ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്റ് ജസ്റ്റിസ്
12. ശ്രീ കേരളവര്‍മ്മ കോളേജ്, തൃശൂര്‍
13. പാഠഭേദം, കോഴിക്കോട്
14. വിഷ്വല്‍ സേര്‍ച്ച്, ബാംഗ്ലൂര്‍
15. കേരളീയം, തൃശൂര്‍
16. തീരദേശ മഹിളാ വേദി, തിരുവനന്തപുരം
17. കബനി, വയനാട്
18. പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സ്, കേരളം
19. എന്‍.എ.പി.എം
20. നവജനാധിപത്യ പ്രസ്ഥാനം, കേരളം
21. ചില്ല, തിരുവനന്തപുരം
22. എന്‍.സി.ഡബ്ല്യു.എം, തിരുവനന്തപുരം
23. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, ആലപ്പുഴ