Monday 10 March 2014

സഹയാത്രിക സുഹൃദ്ശൃംഖല രൂപീകരിച്ചു.

 
സഹയാത്രികയുടെ പുതിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ  ശബ്ദമുയര്‍ത്തുന്നതിനും  സമുദായാംഗങ്ങള്‍ക്ക്  കേരളത്തിലെവിടേയും തന്റെ ലൈംഗിക സ്വത്വത്തിലുറച്ചു നിന്നുകൊണ്ട് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സാമൂഹിക സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിനുമായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 2014 മാർച്ച് 9 നു സുഹൃദ്ശൃംഖല രൂപീകരിച്ചു.  തൃശ്ശൂര്‍ പാലസ് റോഡിലുള്ള ഭാരത് സ്കൗട്ട്സ് എന്റ് ഗൈഡ്സ് ഹാളില്‍ മാര്‍ച്ച് 9 രാവിലെ 11 മണിക്ക് നടന്ന യോഗത്തിനു സഹയാത്രിക മാനേജിങ്ങ് ട്രസ്റ്റി ദീപ വാസുദേവന്‍ സ്വാഗതം പറഞ്ഞു. 

സഹയാത്രിക പ്രോഗ്രാം കോഡിനേറ്റര്‍ ബീന അനീഷ് സഹയാത്രികയെക്കുറിച്ചും സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും  സമുദായാംഗങ്ങള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് സുഹൃദ് ശൃംഖല രൂപീകരിക്കേണ്ട ആവശ്യകതയിലേക്കും ചര്‍ച്ചയുണ്ടായി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് ചേലൂര്‍ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്തു. സി ആര്‍ നീലകണ്ടന്‍, കെ സി സന്തോഷ് കുമാര്‍, അന്‍ഷിഫ് മജീദ്, ജിജോ, അഡ്വ. ജേക്കബ് പുതുശ്ശേരി, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍  എറണാകുളം മലപ്പുറം ജില്ലകളില്‍ നിന്നായി ഏകദേശം 50 ഓളം പ്രതിനിധികള്‍ സുഹൃദ്ശൃംഖല രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment